മുംബൈ: അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും. കഴിഞ്ഞ ഡിസംബറിൽ നടന്ന ധന അവലോക യോഗത്തിൽ പലിശ നിരക്കിൽ കുറവ് വരുത്തിയിരുന്നു. യൂറോപ്യൻ യൂണിയനും യുഎസുമായി അടുത്തിടെ ഒപ്പുവച്ച വ്യാപാരക്കരാറുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മികച്ച സാന്പത്തികവളർച്ച സാധ്യതകൾ മോണിറ്ററി പോളിസി കമ്മിറ്റി വിലയിരുത്തി.
2025 ഫെബ്രുവരി മുതൽ നാലു മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗങ്ങളിലായി ആകെ 1.25 ശതമാനമാണ് പലിശ കുറച്ചത്. പലിശനിരക്ക് നിലനിർത്താനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു. പണപ്പെരുപ്പ അനുമാനവും ജിഡിപി അനുമാനവും ഉയർത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ സാന്പത്തിക തന്ത്രം തീരുമാനിക്കുന്നതിനായി ഓരോ രണ്ട് മാസത്തിലും ചേരുന്ന (എംപിസി) മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം സാഹചര്യങ്ങൾക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ എംപിസിക്ക് സ്വാതന്ത്ര്യം നൽകുന്ന ന്യൂട്രൽ സ്റ്റാൻസ് തുടരാനും തീരുമാനിച്ചു. അടുത്ത എംപിസി യോഗം ഏപ്രിലിലാണ്. 2026 സാന്പത്തിക വർഷത്തെ ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ആർബിഐ രണ്ടു ശതമാനത്തിൽനിന്ന് 2.1 ശതമാനമാക്കി പുതുക്കി നിശ്ചയിച്ചു. ഈ സാന്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ പണപ്പെരുപ്പ നിരക്ക് 2.9 ശതമാനത്തിൽനിന്നു 3.2 ശതമാനമാകുമെന്നും ബാങ്ക് കരുതുന്നു. അടുത്ത സാന്പത്തിക വർഷത്തിലെ (മാർച്ച്-മേയ് 2026) ഒന്നാം പാദത്തിലെ പണപ്പെരുപ്പം നാലു ശതമാനവും രണ്ടാം പാദത്തിൽ ഇത് 4.2 ശതമാനവും ആയിരിക്കുമെന്ന് പ്രവചിക്കുന്നു.
ഉപഭോക്തൃ സംരക്ഷണത്തിനു പ്രാധാന്യം
ഉപഭോക്തൃ സംരക്ഷണം മുൻനിർത്തി ആർബിഐ മൂന്നു കരട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.
1. സാന്പത്തിക ഉതപന്നങ്ങളുടെ തെറ്റായ വിൽപ്പന (മിസ് സെല്ലിംഗ്) തടയുക എന്ന ലക്ഷ്യത്തോടെ അത്തരം ഉതപന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം, വിപണനം, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനായി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സമഗ്രമായ നിർദേശങ്ങൾ നല്കുമെന്ന് ആർബിഐ അറിയിച്ചു.
2. വായ്പ തിരിച്ചടവ് മുടങ്ങുന്പോൾ ബാങ്കുകൾ നിയോഗിക്കുന്ന ലോണ് റിക്കവറി നടപടികളിലും റിക്കവറി ഏജന്റുമാരുടെ ഇടപെടലുകളെ സംബന്ധിച്ചുള്ള പെരുമാറ്റവും ചട്ടങ്ങളും നിയന്ത്രിക്കൽ.
3. അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ട്രാൻസാക്ഷനുകളിൽ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള നിർദേശം എന്നിങ്ങനെ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട മൂന്ന് കരട് മാർഗനിർദേശങ്ങൾ ആർബിഐ ഉടൻ പുറത്തിറക്കുമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ചെറിയ തുകയുടെ ഡിജിറ്റൽ ബാങ്ക് തട്ടിപ്പുകളിൽ ഉപഭോക്താക്കൾക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒരു നിയമപരമായ ചട്ടക്കൂട് ഉടൻ ആവിഷ്കരിക്കാനും ആർബിഐ നിർദേശിച്ചിട്ടുണ്ട്. അതുപോലെ ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികളിൽ വിശദമായ മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള പ്രത്യേകവിഭാഗം ഉപഭോക്താക്കൾക്കായി ഒടിപിക്ക് പുറമെയുള്ള അധിക ഓഥന്റിഫിക്കേഷൻ നടപടികൾ, അസാധാരണ, ഉയർന്ന തുകയുടെ കൈമാറ്റം വൈകിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങളും ആർബിഐ മുന്നോട്ടുവയ്ക്കും.
എംഎസ്എംഇ ഈട് രഹിത വായ്പ പരിധി ഉയർത്തി
രാജ്യത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ഈട് രഹിത (Collateral-free) വായ്പകളുടെ പരിധി 10 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷത്തിലേക്ക് ഉയർത്തി. 16 വർഷങ്ങൾക്കുശേഷമാണ് ഈ വിഭാഗത്തിലെ വായ്പാ പരിധി ഉയർത്തുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള സാന്പത്തിക പിന്തുണ വർധിപ്പിക്കുന്നതിനായി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് REITs) വായ്പ നൽകുന്നതിന് ബാങ്കുകളെ അനുവദിക്കുമെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.
അർബൻ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തും
രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളുടെ (യുസിബി) ഭരണപരവും സാങ്കേതികവുമായ പ്രവർത്തന ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങളും ആർബിഐ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഈടില്ലാത്ത വായ്പകൾക്കും നോമിനൽ അംഗങ്ങൾക്കുള്ള വായ്പകൾക്കും ഉയർന്ന സാന്പത്തികപരിധി അനുവധിക്കുന്നത് ഉൾപ്പെടെ നാല് നടപടികൾ ആർബിഐ പ്രഖ്യാപിച്ചു. കൂടാതെ വലിയ യുസിബികൾക്കു നൽകുന്ന ഭവന വായ്പകളുടെ നിബന്ധനകളിൽ ഇളവ് വരുത്താനും നിർദേശമുണ്ട്.
സഹകരണ ബാങ്ക് മേഖലയിലെ ഭരണം, മാനേജ്മെന്റ്, സാങ്കേതിശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് മിഷൻ സക്ഷം (SAKSHAM) പദ്ധതി ഉടൻ അവതരിപ്പിക്കും. അർബൻ സഹകരണ ബാങ്കുകളിലെ 1.4 ലക്ഷത്തിലധികം സഹകാരികളെ പരിശീലിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു. അതുപോലെ മൂന്നാം നിര, നാലാം നിര അർബൻ സഹകരണ ബാങ്കുകൾക്ക് ഭവന വായ്പ അനുവദിക്കുന്നതിന് കാലാവധി, മൊറട്ടോറിയം എന്നിവയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ പിൻവലിക്കാനും ആർബിഐ നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്.